ജഗദ്ധാത്രി നീയോ?കരുണ തന്നിരിപ്പിടമോ?
നിർത്തു! ചിരിക്കാനറിയില്ലെനിക്കിന്നു
കരയുവാൻ കണ്ണുനീരില്ല ! കേൾക്കു നീ
പൊരിയുന്ന വെയിലിലെന്നെ പട്ടിണിക്കിട്ടു
തത്വശാസ്ത്രം വിളമ്പിയതോ കരുണ ?
വരണ്ടു കീറുന്ന ഗളത്തിലേയ്കിറ്റു
വെള്ളമേകാൻ മടിച്ചതോ കരുണ?
കണ്ണീരു വറ്റിയ കണ്‍കളിൽ നി-
ന്നിരവിൽ നിദ്ര തട്ടിപ്പറിച്ചതോ കരുണ?
പിറന്നുവീണ നാൾ മുതൽ മുടങ്ങാതെ
പീഡനത്തിന്നിരയാക്കിയതോ കരുണ?
സ്നേഹമാണു നിൻ മുഖമുദ്രയെ-
ന്നോതിയതെല്ലാം വെറും ജൽപ്പനങ്ങളോ?
നിൻ കരുണയ്ക്കായിരന്നുൾക്കാമ്പുരുകി
നിൻ പാദങ്ങളിൽ പൂക്കളയാർചിച്ച
ചോര കലർന്നയെൻ കണ്ണുനീർത്തുള്ളികൾ
കണ്ടു നീ ചിരിച്ചതോ നിൻ കരുണ?
ചിരിച്ചു കളിക്കേണ്ട ശൈശവത്തിലെന്നെ-
ക്കണ്ണുനീർക്കയത്തിൽ മുക്കിയതോ നിൻ കരുണ?
ശക്തിയെടുത്തെന്നെയന്ധകാരത്തിലേ-
യ്കേറിഞ്ഞു വേദനപ്പിച്ചതോ നിൻ കരുണ?
എല്ലാം തന്നിട്ടതെല്ലാം നിഷ്ഠുരം നീ തന്നെ
തിരിച്ചെടുത്തതോ കരുണ?
രക്ഷിക്കേണ്ടവർ താഡിചു താഡിച്ചീ
ജന്മം വിഫലമാക്കിയതോ നിന്റെ കരുണ?
എവിടെ നിൻ കരുണ, നിന്റെ നീതി?
സ്നേഹമോ മിഥ്യ വെറും മരീചികയോ?
മായയോ, സ്വപ്നമോ അതോ നിൻ ക്രൂരമാം ലീലയോ?
കണ്ണീരു വറ്റിയ കണ്‍കളും നീറുന്ന ഹൃദയങ്ങളും
കണ്ടു മനമുരുകാത്ത നീയോ കരുണാമയി?
മനസ്സിലാകില്ല മനുജർക്കു നിൻ നീതിയെന്നല്ലി-
ല്ലെനിയ്ക്കില്ല പരാതിനിന്നോടതൊട്ടുമേ!
എങ്കിലും പരാതിയുണ്ടെനിക്ക് നീയെ-
ന്നമ്മയല്ലേ, നിന്നോടല്ലാതെയിന്നമ്മേ
ഞാനാരോടു പറയുവാൻ, പറക നീ
----------------സുരേന്ദ്രൻ----------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ