വെള്ളിയാഴ്‌ച, മാർച്ച് 29, 2013

എന്റെ മലയാളം എന്റെ മാതൃഭാഷ. ഒരു വിനീതമായ അപേക്ഷ

നമ്മുടെ മാതൃഭാഷയെ ഇന്ന് നമ്മുടെ ആൾക്കാർ കൈകാര്യം ചെയ്യുന്നത് എത്ര നീചമായാണ് എന്ന് നമ്മുക്ക് ബോധ്യമാവണം. ദൈനംദിന സംസാരത്തിലും ചലച്ചിത്രങ്ങളിലും മറ്റു പല മാധ്യമങ്ങളിലും ആംഗലേയപ്രയോഗങ്ങളുടെ അമിതമായ ഉപയോഗം വേദനിപ്പിക്കുന്ന ഒന്നാണ് . ചങ്ങമ്പുഴയും, ഇടപ്പള്ളിയും, ഇടശ്ശേരിയും മറ്റു പലരും ആറ്റുനോറ്റു വളർത്തിയ നമ്മുടെ ഈ ഭാഷയെ ഇങ്ങനെ ആക്ഷേപിക്കണോ? ആംഗലേയം ഒട്ടും വേണ്ടാ എന്നു ഞാൻ പറയുന്നില്ല. നമുക്ക് നമ്മുടെ സംസ്കാരത്തിൽമാത്രമേ നിലനിൽപ്പുള്ളൂ . അതോ മലയാളത്തിനെ കാഴ്ചബംഗ്ലാവിന്റെ ചില്ലുകൂട്ടിലടക്കാൻ മലയാള കവിതയെ പ്രേമിക്കുന്ന നമ്മൾ അനുവദിക്കുമോ? അനുവദിക്കുമെങ്കിൽ അതൊരു മാതൃഹത്യയാണെന്നുള്ള സത്യം നമ്മൾ വിസ്മരിക്കരുത് .
വള്ളത്തോൾ പാടിയത് നമ്മളിന്നും ഓർക്കാൻ വിനീതമായ ഒരപേക്ഷ
 
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻഭാഷതാൻ
 

പ്രത്യാശ

കണ്ടു ഞാനുലകത്തിന്‍ കളികളെല്ലാം
കണ്ണുനീര്‍ മാത്രമിന്നെനിക്കുബാക്കി
ഉരുകുമുള്ളിന്റെയിരുണ്ടകാട്ടില്‍
ഇനിയെന്നുദിയ്ക്കുമൊരു കൊച്ചുസൂര്യന്‍ ?
-----------------സുരേന്ദ്രൻ-----------------

സ്മരണ


നിന്നെ പിരിഞ്ഞിട്ടു കാലമേറെ-
യായല്ലൊയിന്നെന്റെ കേരളമേ

ഇന്നുമെൻ കൊച്ചു ഹൃദ്മന്ദിരത്തിൽ
എന്നിഷ്ടദേവിയായ് നീയിരിപ്പൂൂ

നിത്യവും നിന്റെയാ പാദയുഗ്മേ
വീഴുന്നെൻ കണ്ണുനീർ പൂക്കളായി

നിന്മടിത്തട്ടിലിന്നൊന്നുറങ്ങാ-
നെന്മനക്കാമ്പിലിന്നെത്ര മോഹം

ഹരിതമാം നിൻ ദിവ്യകാന്തിയിൽ ഞാൻ
പുളകമണിഞ്ഞൊന്നു നീന്തിടട്ടെ

മലരണിക്കാടുകൾ കേരവൃന്ദം
കാലേ മുഴങ്ങുന്ന ശംഖനാദം

ചന്ദന സൗരഭം ഘണ്ടനാദം
എല്ലാമെനിക്കിന്നുസ്വപ്നമത്രെ

അന്തരംഗത്തിലെ മന്ദിരേ നീ-
യെൻ ദേവിയെന്നല്ലപ്രേയസിയും

സൗന്ദര്യധാമമേ സ്നേഹരൂപേ
വെല്ക നീ വെല്കനീ മാത്രുഭൂമേ
---------സുരേന്ദ്രൻ-----------

അമ്മേ, നിന്നോടല്ലാതാരോടു പറയാൻ


ജഗദ്ധാത്രി നീയോ?കരുണ തന്നിരിപ്പിടമോ?
നിർത്തു! ചിരിക്കാനറിയില്ലെനിക്കിന്നു
കരയുവാൻ കണ്ണുനീരില്ല ! കേൾക്കു നീ
പൊരിയുന്ന വെയിലിലെന്നെ പട്ടിണിക്കിട്ടു
തത്വശാസ്ത്രം വിളമ്പിയതോ  കരുണ ?
വരണ്ടു കീറുന്ന ഗളത്തിലേയ്കിറ്റു
വെള്ളമേകാൻ മടിച്ചതോ കരുണ?
കണ്ണീരു വറ്റിയ കണ്‍കളിൽ നി-
ന്നിരവിൽ നിദ്ര തട്ടിപ്പറിച്ചതോ കരുണ?
പിറന്നുവീണ നാൾ മുതൽ മുടങ്ങാതെ
പീഡനത്തിന്നിരയാക്കിയതോ കരുണ?
സ്നേഹമാണു നിൻ  മുഖമുദ്രയെ-
ന്നോതിയതെല്ലാം വെറും ജൽപ്പനങ്ങളോ?
നിൻ  കരുണയ്ക്കായിരന്നുൾക്കാമ്പുരുകി
നിൻ  പാദങ്ങളിൽ പൂക്കളയാർചിച്ച
ചോര കലർന്നയെൻ കണ്ണുനീർത്തുള്ളികൾ
കണ്ടു നീ ചിരിച്ചതോ നിൻ കരുണ?
ചിരിച്ചു കളിക്കേണ്ട ശൈശവത്തിലെന്നെ-
ക്കണ്ണുനീർക്കയത്തിൽ മുക്കിയതോ നിൻ കരുണ?
ശക്തിയെടുത്തെന്നെയന്ധകാരത്തിലേ-
യ്കേറിഞ്ഞു വേദനപ്പിച്ചതോ നിൻ  കരുണ?
എല്ലാം തന്നിട്ടതെല്ലാം നിഷ്ഠുരം നീ തന്നെ
തിരിച്ചെടുത്തതോ കരുണ?
രക്ഷിക്കേണ്ടവർ താഡിചു താഡിച്ചീ
ജന്മം വിഫലമാക്കിയതോ നിന്റെ കരുണ?
എവിടെ നിൻ കരുണ, നിന്റെ നീതി?
സ്നേഹമോ മിഥ്യ  വെറും മരീചികയോ?
മായയോ, സ്വപ്നമോ അതോ നിൻ ക്രൂരമാം ലീലയോ?
 കണ്ണീരു വറ്റിയ കണ്‍കളും നീറുന്ന ഹൃദയങ്ങളും
കണ്ടു മനമുരുകാത്ത നീയോ കരുണാമയി?
മനസ്സിലാകില്ല മനുജർക്കു നിൻ നീതിയെന്നല്ലി-
ല്ലെനിയ്ക്കില്ല  പരാതിനിന്നോടതൊട്ടുമേ!
എങ്കിലും പരാതിയുണ്ടെനിക്ക് നീയെ-
ന്നമ്മയല്ലേ, നിന്നോടല്ലാതെയിന്നമ്മേ
ഞാനാരോടു  പറയുവാൻ, പറക നീ
----------------സുരേന്ദ്രൻ----------------------

അന്നു നി നടന്നകന്നുപോയീ
മണ്ണില്‍ പതിഞ്ഞ നിന്‍ കാല്പാടുകള്‍
നോക്കി ഞാനങ്ങിരുന്നുപോയീ
വരുമിനിയൊരു വസന്തമെന്നാശി-
ച്ചെത്രയോ ശിശിരങ്ങള്‍ കഴിച്ചുകൂട്ടി
എരിയുമുള്ളിന്‍ വിലാപം മുഴങ്ങു-
മുരുകുന്ന രാവിന്റെ മൂകയാമങ്ങളില്‍
നീ വരും നീ വരുമെന്നാശിച്ചുഞാന്‍
കണ്ണുനീരില്ലാതെ കാത്തിരുന്നീടവേ
മെല്ലെവന്നെന്നെപ്പുണര്‍ന്നു നീയോമനേ
ലോലമാം നിദ്രയായ് സ്നേഹപൂര്‍വം
-------സുരേന്ദ്രൻ-------------------------