ഞായറാഴ്‌ച, ഏപ്രിൽ 12, 2015

മാധവം Madhavam

അതികഠിനമായ ശൈത്യം. ഭൂമിയെ തണുപ്പിലേയ്ക്കാഴ്ത്തിക്കൊണ്ട് നോക്കെത്താദൂരം വരെ കിടക്കുന്ന മഞ്ഞ്. തണുപ്പിനെ പേടിച്ചുകൊണ്ടെന്നപോലെ ആകാശത്തുനിന്നും സൂര്യൻ മറഞ്ഞുപോയിരിയ്ക്കുന്നു. സൂര്യന്നുപകരം ആകാശത്തിൽ ഒരു കറുത്ത പട്ടു വിരിച്ചിരിയ്ക്കുന്നു.

ശാസ്ത്രഗവേഷണസർവ്വകലാശാലയുടെ വകയായതും പൊതുജങ്ങൾക്കു തുറന്നിട്ടിരിയ്ക്കുന്നതുമായ അതിവിശാലമായ തോട്ടത്തിൽ ഗഗനചുംബികളായ വന്മരങ്ങൾ ഇലകളില്ലാതെ, ജീവനറ്റ രാക്ഷസന്മാരെപ്പോലെ നിശ്ശബ്ദമായി നിൽക്കുന്നു.

പ്രകൃതി മരണത്തിന്റെ മൂകമായ കരങ്ങളിലമർന്ന പോലെ നിശ്ശബ്ദം. പക്ഷികളുടെ പാട്ടുകൾ നിലച്ചിരിയ്ക്കുന്നു. കാറ്റിന്റെ ചലനവും ഇല്ല. എല്ലാം നിശ്ശബ്ദം. സന്ധ്യ അടുക്കുന്തോറും അകാശത്തിന്റെ  ഭീമാകാരമായ ശോകഭാവം ഭയാനകമായിക്കൊണ്ടിരുന്നു.

ജീവരാശി ഉപേക്ഷിച്ച ഒരു വലിയ ശ്മശാനമെന്നപോലെ ഏകാന്തവും മൂകവുമായ ആ വലിയ തോട്ടത്തിലെ ഒഉർ ബെഞ്ചിൽ മൗനത്തിൽ മുങ്ങി മാധവൻ ഇരുന്നു. താഴെ നിരന്നുകിടക്കുന്ന ശുഭ്രമായ മഞ്ഞിൽപ്പരപ്പിൽ, നിറം മങ്ങിയ കണ്ണടയ്ക്കു പിറകിലെ ശോകസാന്ദ്രമായ കണ്ണുകളും നട്ടു ഏകാന്തതയിൽ മുങ്ങി ഇരിയ്ക്കുന്ന മാധവൻ.
കീറിപ്പറിഞ്ഞ കുപ്പായം, കീറിപ്പറിഞ്ഞ ട്രൗസർ, വലിയ ഓട്ടകൾ തുറിച്ചുനോക്കുന്ന പാദരക്ഷകൾ. ധനം തുളുമ്പുന്ന പാശ്ചാത്ത്യത്തിൽ ദാരിദ്ര്യത്തിന്റെ ഉപ്പുരസത്തിൽ നീന്തുന്ന മാധവൻ.

തണുപ്പിൽ വിറയ്ക്കുന്ന കൈകൊണ്ട് മുഷിഞ്ഞ കീശയിൽ നിന്നും മാധവൻ ഒരു പഴയ ഛായചിത്രമെടുത്തു. ചിരിയ്ക്കുന്ന നാലു ചെറിയ കണ്ണുകൾ മാധവനെ തിരിച്ചു നോക്കി. എഹത്രയോ കാലം കടന്നുപോയിരിയ്ക്കുന്നു. തന്റെ പിഞ്ചോമനകൾ വളർന്നു വലുതായിക്കാണും.രണ്ടു കണ്ണുനീർമുത്തുകൾ പ്രകാശം മങ്ങിയ ആ കണ്ണുകളിൽനിന്നും വീണു.

പഴയ ഓർമ്മകൾ മനസ്സിലേയ്ക്ക് തള്ളിക്കയറി. വർഷങ്ങൾ ഏറെ കടന്നിരിയ്ക്കുന്നു. തന്റെ ജന്മനാടായ കേരളത്തിന്റെ ചിത്രങ്ങൾ മനസ്സിൽ നിറഞ്ഞു. നെൽവയലുകൾ, തെങ്ങിൽതോപ്പുകൾ. മാമ്പഴക്കാലം, തെയ്യവും, തിറയും, ഉത്സവങ്ങളും, പൂരത്തിന്റെ ചൂടേറിയ താളമേളങ്ങൾ. മനസ്സിൽ എവിടെയോ കഥകളിയുടെ കേളികൊട്ട്, ക്ഷേത്രത്തിലെ മണികൾ, ശ്ംഖനാദം, വെളിച്ചപ്പാടിന്റെ ചിലമ്പൊലി.
കൂട്ടത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത തന്റെ പിഞ്ചോമനകളുടെ ചിരിയുടെ വളകിലുക്കം. പതിന്നാലു മാസം മാത്രം ഭൗതികജീവിതം കണ്ട്, വേദനനിറഞ്ഞ ജീവിതത്തോടെ വിടപറഞ്ഞ ലളിതമോൾ.

മനസ്സ് പിറകോട്ടു പാഞ്ഞുകൊണ്ടിരുന്നു. നാലര വയസ്സിൽ വീടും കുടുംബവും വിട്ട്  അഞ്ജാതമായ ഒരു സ്ഥലത്തേയ്ക്ക് ബലമായി മാറേണ്ടിവന്ന സമയം. വിദ്യാഭ്യാസമത്രെ. ഹൃദയത്തെ മുറിയ്ക്കുന്ന വേദനയും തിന്ന് കഴിച്ചു കൂട്ടിയ രാത്രികൾ. ഏകാന്തതയുടെ മാറാത്ത അന്ധകാരം. എണ്ണമറ്റ രാത്രികൾ. അവധികാലത്ത് വീട്ടിലേയ്ക്ക് . പിന്നെ ഭയാനകമായ രാത്രികൾ. മദ്യത്തിന്റെ ദുർഗ്ഗന്ധം നിറഞ്ഞ രാത്രികൾ. അഛന്റെയും അമ്മയുടെയും ഭയപ്പെടുത്തുന്ന കലഹം, മർദ്ദനങ്ങൾ, പിന്നെ എല്ലാം ശാന്തം. അങ്ങനെ ദുസ്സ്വപ്നങ്ങൾ നിറഞ്ഞ അവധികാലം കഴിഞ്ഞ് തിരിച്ച്  വിദൂരതയിലുള്ള പാഠശാലയുടെ വസതീഗൃഹത്തിലേയ്ക്ക്. വീണ്ടും ഏകാന്തത.

ഇനി എന്താണ് നഷ്ടപ്പെടാനുള്ളത്? ബാല്യവും, യൗവ്വനവും, വീടും, കുടുംബവും, ജ്ന്മനാടും, ജീവിതപങ്കാളിയും, പിഞ്ചോമനകളും.. എല്ലാം ഓർമ്മകൾ മാത്രം.

ഉദിയ്ക്കാത്ത സൂര്യൻ വിദൂരതയിലസ്തമിച്ചു. ഭൂമിയുടെ മാറിടം മറയ്ക്കുന്ന മഞ്ഞിന്റെ മുകളിൽ രാത്രി തന്റെ കറുത്ത പട്ടു വിരിച്ച്. ആകാശത്തുനിന്നും താരകസഹസ്രങ്ങൾ എവിടേയ്ക്കോ ഓടിപ്പോയപ്പോലെ, അനാഥമായ ആകാശം. ഇലകളില്ലാത്ത മരങ്ങൾ, അതിശൈത്യത്തിന്റെ പിടിമുറുക്കത്തിൽ സംസാരശേഷി നഷ്ടപ്പെട്ടുപോയ തണുത്തു വിറങ്ങലിച്ച പ്രകൃതി.

തണുത്ത അന്തരീക്ഷത്തിൽ തങ്ങിനിന്ന കടുത്ത മഞ്ഞിൽകൂടെ ഭൂമിയെ ചുംബിയ്ക്കാൻ വെമ്പുന്ന, ശോഷിച്ച സൂര്യകിരണങ്ങൾ എത്തിയപ്പോഴേയ്ക്കും മൗനിയായ മാധവൻ വിദ്ദുരതയുള്ള കൈരളിയെത്തേടി തന്റെ അദൃശ്യമായ മാറിൽ തന്റെ പിഞ്ചോമനകളുടെ പുഞ്ചിരിയും  ചേർത്ത് യാത്രയായിരുന്നു. ജീവന്റെ ഊഷ്മാവറ്റ, കരുവാളിച്ച ആ കൈകളിനിന്നും, പുഞ്ചിരിയ്ക്കുന്ന നാലു പിഞ്ചുകണ്ണുകൾ മാധവനെത്തേടി ആകാശത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.