ഞായറാഴ്‌ച, ഏപ്രിൽ 14, 2013

സ്വപ്നസഞ്ചാരി


 
നിൻ നിറഞ്ഞമാറിൽ ഞാനെന്റെ തല ചായ്ചു വച്ചു
നിന്റെ തരളഹൃദയത്തിൻ താളം ശ്രവിച്ചു ഞാൻ

വാനിലർക്കൻ വെള്ളിവെയിൽ പരത്തീടവേ നിൻ
ഹൃദയത്തിൽ നിന്നുമൊഴുകിയിരുട്ടിൻ തിരമാലകൾ

തുളുമ്പി നിൻ ചുണ്ടുകൾ കാമരസ മേറെയെന്നാകിലും
രതിവികാരങ്ങളുണർന്നില്ലെൻ മനക്കാമ്പിലൊട്ടുപോലും
പിച്ചകത്തിൻ പരിമളമാർന്ന നിൻ മൃദുല പൂമേനി തന്നി- 
ളഞ്ചൂടിലലിഞ്ഞു നിദ്രയാം സമാധി തന്നാഴങ്ങൾ തേടി ഞാൻ

മദ്ധ്യാഹ്നസൂര്യന്റെ ചൂടിലവനിയിണ്ടലാർന്നു ക്ഷീണിക്കവെ
തപ്തമാം നിൻ സ്തനകലശങ്ങളെന്നെ നിദ്രയിൽ നിന്നുണർത്തി
മേഘപടലങ്ങളും സ്വപ്നലോകങ്ങളും രജത താരാപഥങ്ങളും
താണ്ടി ദേവലോകങ്ങളും പലതും കടന്നു നാം പറന്നകന്നു

ഇടി വെട്ടി മിന്നൽപ്പിണരൊന്നുകുതിച്ചു ഭൂമിയെ വിറപ്പി-
ച്ചിരുണ്ട ഭീമാകാരമാം മേഘങ്ങളാകാശമാകെയൊളിപ്പിച്ചു
ദിച്ചതിൻ മദ്ധ്യത്തിലൊരു വലിയ സുവർണ്ണ പ്രകാശമണ്ഡലം
പെയ്തു പേമാരി, പ്രളയമായി, മരിച്ചു സമയം, നാമലിഞ്ഞു നിദ്രയിൽ

വിശക്കുന്നെനിയ്ക്കു!


വിശക്കുന്നെനിയ്ക്കു! പറയാനഭിമാനമനുവദിച്ചില്ല
കരിയുന്ന വയറുമെന്നല്ല വരളുന്ന ചുണ്ടുകളെരിയുന്ന
മാനസം, കരയാൻ കൊതിയ്ക്കുന്ന നീരറ്റ കണ്ണുകൾ
ഉള്ളിൽ തിളയ്ക്കുന്ന ഗദ്ഗദം, രോഷവും ദാഹവും
മുന്നിൽ മുരടിച്ച സ്വപ്നങ്ങൾ മൂകമായ് തേങ്ങിടും
വർജ്ജിത മനുഷ്യർതൻ ചെറ്റക്കുടിലുകൾ
ആത്മാവുപോലുമെരിഞ്ഞടങ്ങി സ്വന്തമാം
വിഴുപ്പിൽ വീണു നിത്യദാരിദ്ര്യത്തിലുഴലുന്ന
മനുഷ്യരൂപങ്ങൾ, വിശപ്പടക്കാൻ കഴിയാതെ
മദ്യാഗ്നികൊണ്ടുദരം കരിയ്ക്കുന്നവർ, രോഗികൾ
ശുഷ്കശീർണ്ണമാം ദുഗ്ധരഹിതമാം മുലകളിൽ
ഒരു തുള്ളി പാലിരക്കുന്ന പിഞ്ചുപൈതങ്ങളും
പ്രസവിച്ചുവെന്ന തെറ്റിന്നു ജീവിതകാലം മുഴുവനും
പ്രാണവേദനയുമായ് തെണ്ടുമമ്മമാരും, രാത്രിയിൽ
രതിമൂർഛതൻ സുഖം തേടി അഛനായ്ത്തീർന്നു തൻ
കടമകൾ കുപ്പയിലേയ്ക്കു വലിച്ചെറിഞ്ഞ പിശാചുക്കളും
ഒരു റൊട്ടിക്കുവേണ്ടിയെന്മുന്നിൽ കരഞ്ഞിടുന്ന
വിശന്നുവരണ്ടുണങ്ങിയ പിഞ്ചുപൈതലിൻ കണ്ണുകളും
വിശക്കുന്നെനിയ്ക്കു! പറയുവാനവില്ലെനിയ്ക്കൊരിയ്ക്കലും
പറയില്ല ഞാൻ! ഹന്ത ദൈവമേ എവിടെ നിൻ കരുണ
--------------------സുരേന്ദ്രൻ--------------------
http://surenpillai.wordpress.com/

ശനിയാഴ്‌ച, ഏപ്രിൽ 13, 2013

ഉദയം


പകൽ വിരിഞ്ഞ പിച്ചകപൂക്കളിൻ മധുരമാം
പരിമളലഹരിയിലുന്മത്തയായ ലോലലാവണ്യമേ
ഉഴലുമവനിതൻ മാറത്തു വീണുരുകിയൊഴുകി
പടരുന്ന രതിരസതരളശ്യാമവർണ സൗന്ദര്യമേ
ഏകാന്തമാം നിൻ മൂകയാമങ്ങളിൽ നിന്മടിയിൽ
തലചായ്ചു കനിയാത്ത നിദ്രയെ കാത്തിരുന്നീടവേ
ഹൃദയത്തിൽ നിശ്ശബ്ദമായ് തുറന്നുപോകുന്നു
ഇരുട്ടിലാണ്ടുപോയ രഹസ്യമാം നിലവറകൾ
നീരറ്റ കണ്ണുകൾ കരയാൻ വെമ്പിടുമ്പോഴും
വിറയാർന്ന ചുണ്ടുകളിൽ വിരിയുന്നൊരു പുഞ്ചിരി
രജനിയെ പ്രേമിച്ച ശശാങ്ക നിൻ പ്രേമം നിരർഥം
ക്ഷണിതമീ രജനി, ഹന്ത ക്ഷണിതമീ പ്രേമവും
ക്ഷണിതമീ പ്രപഞ്ചം, ക്ഷണിതമീ മർത്യജന്മം

വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2013

മഹാമനസ്ക നീ, രജനീ

നീയൊരു മഹാമനസ്ക, രജനീ
പകലിന്നന്ധകാരത്തി-
ലുഴലുന്നവർക്കു നീ യിരുട്ടിൻ
മൃദുലമാം പ്രകാശമീകിടുന്നു
നിലയ്ക്കാത്ത കണ്ണുനീർധാരയെ നീ
നിൻ മാറിലൊളിപ്പിയ്ക്കുന്നു സ്നേഹപൂർവം
സന്തോഷമാം പ്രകാശമില്ലാത്തവർക്കു നീ
യീകിടുന്നു ശരണം, നിസ്വാർഥ നീ, രജനീ
നിന്നന്ധകാരത്തിലാണെന്റെ
മനോഹര മധുര സൂര്യോദയം

ബുധനാഴ്‌ച, ഏപ്രിൽ 10, 2013

അപരാധം

ചുംബിച്ചതൊരു മഹാപരാധമത്രെ
പങ്കിലമായത്രെ പരിശുദ്ധമാം
സമൂഹത്തിൻ പാവനമാം മുഖം
സത്യത്തെയിരുട്ടിലടച്ചു മുഖം മൂടി
സത്യവാനായ് നടക്കുന്നത്രെയുത്തമം
പകൽ വെളിച്ചത്തു ബ്രഹ്മചാരിയായ് നടന്നു
രാത്രിതന്നിരുട്ടിന്റെ മറവിൽ മനഃസാക്ഷിയ്ക്കു
നിരക്കാത്ത മദനകേളികളാടുന്നവൻ ദിവ്യൻ
ഒരുപിടിയരിയ്ക്കു പണമില്ലാത്തവന്റെ കഴുത്തു
ഞെരിച്ചു ജീവൻ പിടുങ്ങുന്നവൻ മഹാൻ
ധനബലമുള്ളവനെന്തും ചെയ്യാനവകാശം നൽകി
ഓഛാനിച്ചു നിൽക്കുന്ന സമാജവും ദിവ്യമത്രേ
പാവം പ്രണയം പാപമത്രെ, കുടിലമനസ്സിൻ
നീചനികൃഷ്ടമാം ബലഹീനതയത്രെ - എങ്കിലും
പേടിയില്ലെനിയ്ക്കു കോപിയ്ക്കവേണ്ട നീ കോപിച്ചുവെങ്കിലും
നിന്നെയെനിക്കു ഭയമില്ലൊട്ടുപോലും. തീപാറും നിൻ
വട്ടക്കണ്ണുകൾ കണ്ടൂ ഞാൻട്ടഹസിക്കുന്നതും നീ കണ്ടു
നിൻ കോപാഗ്നിയിൽ നീ തന്നെ നിന്നന്ത്യം കണ്ടിടും
--സുരേന്ദ്രൻ--

http://surenpillai.wordpress.com/

ഞായറാഴ്‌ച, ഏപ്രിൽ 07, 2013

പറയാതെപോയ പ്രണയവാക്കുകൾ

പറയാതെപോയ പ്രണയവാക്കുകൾ മനതാരിൽനിന്നുമൊരു
പനിമതിയായ്യുദിച്ചുയർന്നു കവിതൻഭാവനാമുകുരത്തി-
ലേയ്ക്കൊളിവീശി കാവ്യതടിനിയായൊഴുകിടുന്നു
മൗനം ഭജിച്ച മധുരാധരങ്ങളൊരു മധുര
മന്ദസ്മിതം തൂകി കവിയ്ക്കധരാമൃതമേകിടുന്നൂ

ഹൃദയശൂന്യം

നിൻ മുഖം ഞാൻ കയ്യിലെടുത്തു 
മൂർധാവിൽ മെല്ലെ ചുംബിക്കവേ
രണ്ടു കന്നുനീർമുത്തുകൾ നിൻ 
ശ്യാമസരോവരങ്ങളാം കൺകളിൽ
നിന്ന്ടർന്നു മൃദുലമനോഹരമാം 
നിൻ കവിളിലൂടൊഴുകി 
വന്നെൻ മാറിൽ പതിച്ചു
സ്നേഹപൂർവം നിന്നെ ഞാൻ 
പതുക്കെയെൻ മാറോടണച്ചു 
താലോലിക്കവേ നിറഞ്ഞ നിൻ 
മാറിൽനിന്നുമൊരു 
ദീർഘനിശ്വാസമൊരു 
പുഞ്ചിരിയായ് വിടർന്നു
നിന്നോമനക്കണ്ണുകളിൽ  
താലപ്പൊലിയേന്തുന്ന 
താരാസഹസ്രങ്ങളെ നിരത്തി
പുഷ്പബാണങ്ങളെയ്യുന്ന നിൻ 
കടക്കണ്ണുകളെന്നിലേയ്ക്കെറിഞ്ഞതു 
നിനക്കോർമ്മയുണ്ടോ?
ചിരിയുണ്ടെങ്കിലും കണ്ണുനീർ 
മാത്രമാണോ ജീവിതത്തിൻ 
മുഖമുദ്രയെന്ന ചോദ്യമിന്നുമെൻ 
ഹൃദയത്തിലെയന്ധകാരത്തി-
ലാണ്ടൂകിടക്കുന്ന ഗുഹകളിൽ 
മാറ്റൊലി കൊള്ളുന്നു
അലിവില്ലാത്ത ജീവിതശില-
യിങ്കലുടഞ്ഞു നിണമണിഞ്ഞിടും 
നിഷ്കളങ്കമാം സ്നേഹമു-
ലഞ്ഞുഴലുമിണ്ടലിൻ നിലയ്ക്കാത്ത 
ഘോരധാരയിൽ മുങ്ങിയും പൊങ്ങിയും 
മരണപാശത്തിൽ പ്രാണന്നുവേണ്ടി 
പിടഞ്ഞു പിടഞ്ഞു സഹിഷ്ണുതയ്ക്കു വേണ്ടി 
കേണപേക്ഷിയ്ക്കുമ്പൊഴും
ചോര വറ്റിയ കൺകളിൽനിന്നു-
മഗ്നിശരങ്ങളെയ്തിടുന്ന ഹൃദയശൂന്യ സമാജമേ
നീതിയേകാത്ത നിഷ്ഠുര നീചമൃഗതുല്യ 
സമൂഹമേ, സ്നേഹമില്ലാത്ത ലോകത്തിൽ
മനുഷ്യബോധമില്ലാത്ത തിമിരാന്ധനായ 
നീ മനുജനെന്തു ജീവിതം നൽകിടാൻ?
വാനോളമുയരുന്ന ഭീമാകാരമാം 
തത്ത്വചിന്താധൂമപടലങ്ങളീ 
ഘോരമാമസഹിഷ്ണുതതൻ
സൂര്യതാപമേറ്റു ദാഹിച്ചു
വരണ്ടകീറിയ ഹൃദയങ്ങളി-
ലേയ്ക്കെന്തു മധുര
മധുവൃഷ്ടിവരുത്തുവാൻ?

ശനിയാഴ്‌ച, ഏപ്രിൽ 06, 2013

ഭ്രമം

എന്റെ ജാലകത്തിലൂടൊഴുകിവരുന്ന ചന്ദ്രികയിൽ
നീയൊരപ്സരസ്സായിട്ടണയുമെങ്കിൽ
ഉരുകിയൊഴുകുമീ മൂകരജനി തൻ
രതിരസാവൃത ശ്യാമ തടിനിയിൽ
രാസലീലകളാടിമുഴുകി നിൻ
സ്വേദകണങ്ങളിലലിഞ്ഞു നിന്റെ
സിരശതങ്ങളിലൊരനലനായ്
പടർന്നു വളർന്നൊരു മഹാമേഘമായ്
വാനോളമുയർന്നു നിന്നിലേയ്ക്കൊരു
മധുര വർഷമായ് പതിയ്ക്കട്ടെ ഞാൻ

The Wakeful Sleep


Moved have I not my lips
Silent, but, I was not
In sleep your eyes saw me
Asleep but I was not
The impenetrable darkness covered me
The eternal light was and is still there
In sublime peace my body reclines
In eloquent silence I endlessly pulse
The fire in my loins, the peace in my heart
The wind in my thought, the sleep in my eyes
I sleep the eternally restful wakeful sleep
And the world in perfect motion I keep

The Flight

My wings span the skies
And my eyes caress the earth
The clouds I leave behind
To take below my birth
The heavens and the seas
Encompass my vibrant soul
They form the ocean of joy
That endlessly in me roll

വെള്ളിയാഴ്‌ച, ഏപ്രിൽ 05, 2013

ഉന്മത്തത


രതിലോലയാമൊരപ്സരകന്യപോൽ
തുടുത്തുനിൽക്കുമീ സന്ധ്യതന്നുരുണിമ
ചാലിച്ചുചാർത്തിയ നിന്നധരങ്ങളിൽ നിന്നും
അതിമധുരമാമാമധു മെല്ലെ നുകർന്നിടാന-
ണയുമെൻ ചുണ്ടുകളൊരു ദാഹപീഡിത ഭ്രമരമായ്
കാമതരള മൃദുമേനിയിൽ മധുതൃഷ്ണ പൂണ്ട ചെറുലതികയായ്
പടരുന്നു മെല്ലെ ഞാനഗ്നിയായ് നിൻ സിരകളിൽ
----സുരേന്ദ്രൻ----

വ്യാഴാഴ്‌ച, ഏപ്രിൽ 04, 2013

വിട പറയാതെ

വഴി മുന്നോട്ടു തന്നെ

വിട പറയാതെ ഞാനിറങ്ങി
തിരിഞ്ഞു നോക്കാതെ പകലിന്റെ
യന്ധകാരതിലേയ്ക്കു നടന്നകന്നു
പൊടിഞ്ഞില്ല കൺകളിൽ
കണ്ണുനീരൊരുതുള്ളിപോലും, നെഞ്ചിൽ
തെറ്റിയില്ലൊരു തുടിപ്പു പോലും
ഇടഞ്ഞില്ല മുന്നോട്ടു വച്ചൊരു ചുവടുപോലും
ഒന്നുമില്ലാത്തവനെന്തു നഷ്ടപ്പെടാൻ
സ്വന്തമായ് നഷ്ടങ്ങൾ മാത്രമെൻ ധനം
പതറില്ല കാലുകൾ തളരുകില്ലീ മാനസം
പുറകോട്ടു പൊവുകില്ലീ ചുവടുകളൊരിക്കലും
സ്വപ്നങ്ങളില്ലൊന്നുപോലും മരിച്ചു മോഹങ്ങളും
തിരിഞ്ഞു നോക്കില്ല ഞാൻ വഴി മുന്നോട്ടു തന്നെ
----സുരേന്ദ്രൻ-----

ബുധനാഴ്‌ച, ഏപ്രിൽ 03, 2013

പ്രയാണം

പ്രയാണം


നിന്നെ ഞാന്‍ മാറോടണച്ചു
നിന്‍ ചുണ്ടിലുറങ്ങുന്ന
സോമരസത്തിന്റെ-
യാത്മാന്തരത്തിൽ-
അഗ്നി ചയനം ചെയത-
തിന്‍ ചൂടില്‍ ഞാനുരുകി-
യൊലിച്ചുറഞ്ഞൊരഗ്നിയായ്
മാറി നിന്‍ വികാരമണ്ഡല-
ത്തിലേക്കു പടര്‍ന്നൊരു
മൃദുലലതയായിമാറി മൊട്ടി-
ട്ടൊരായിരം പൂക്കളായ് വിരിഞ്ഞു
നിന്നെ വാരിപ്പുണര്‍ന്നിട്ടെന്‍
പരിമളധാരയാലഭിഷേകം ചെയ്തു
പൌര്‍ണമിച്ചന്ദ്രനായുദിച്ച-
തിലോലമാം ശുഭ്രകൌശേയമായ് മാറി
നിന്നെ ഞാനെന്നിലേയ്ക്കലിയിച്ചുചേര്‍ ക്കവേ
നീ ചന്ദനസൌരഭ്യമേന്തിയ
മേഘമായെന്റെ വികാരസൌധത്തിന്റെ
മണിയറയില്‍ പടര്‍ന്നു പന്തലിച്ചൊരു
തുലാവര്‍ഷമായ് പെയ്ത് എന്റെകവിതയായ്
യെന്‍ തൂലികത്തുമ്പിലൂടെ നീ ജനിച്ചു.

അന്നു നിന്‍ പൂമേനിയിലലിഞ്ഞു ചേര്‍ന്ന
ഞാന്‍ നിന്‍ തൂലികത്തുമ്പില്‍ നിന്നുമൊരു
കവിതയായ് ജനിച്ചുവോ?ഇല്ലെങ്കില്‍ നി-
ന്നോര്‍ മ്മകള്‍ തന്‍ ഘോരവനത്തിലുറവ
വറ്റി വരണ്ടുണങ്ങിയ ജലാശയമായ് മാറിയോ?
രജനിതന്‍ വര്‍ണ്ണത്തെ ലജ്ജയിലാഴ്ത്തുന്ന
താരകക്കന്ന്യമാര്‍ ലാസ്യങ്ങളാടിയ നിന്‍
സുന്ദര ശ്യാമസമുദ്രങ്ങളാം നേത്രങ്ങ-
ളിന്നു മരണം വിഴുങ്ങിയ മരുഭൂപ്രദേശമോ?
വരിക നീയോമലെയെന്‍ തുടിയ്ക്കും സിരകളി-
ലാളിയെരിയുമൊരുഗ്ര പ്രഭഞ്ജനാഗ്നിയാ-
യുരുകിത്തിളയ്ക്കുന്ന മദാന്ധതിരമാലയായ്-
ഒന്നു പുളകമണിയട്ടെ ഞാനീയേകാന്തരാത്രിയില്‍ .

--സുരേന്ദ്രൻ --

വെള്ളിയാഴ്‌ച, മാർച്ച് 29, 2013

എന്റെ മലയാളം എന്റെ മാതൃഭാഷ. ഒരു വിനീതമായ അപേക്ഷ

നമ്മുടെ മാതൃഭാഷയെ ഇന്ന് നമ്മുടെ ആൾക്കാർ കൈകാര്യം ചെയ്യുന്നത് എത്ര നീചമായാണ് എന്ന് നമ്മുക്ക് ബോധ്യമാവണം. ദൈനംദിന സംസാരത്തിലും ചലച്ചിത്രങ്ങളിലും മറ്റു പല മാധ്യമങ്ങളിലും ആംഗലേയപ്രയോഗങ്ങളുടെ അമിതമായ ഉപയോഗം വേദനിപ്പിക്കുന്ന ഒന്നാണ് . ചങ്ങമ്പുഴയും, ഇടപ്പള്ളിയും, ഇടശ്ശേരിയും മറ്റു പലരും ആറ്റുനോറ്റു വളർത്തിയ നമ്മുടെ ഈ ഭാഷയെ ഇങ്ങനെ ആക്ഷേപിക്കണോ? ആംഗലേയം ഒട്ടും വേണ്ടാ എന്നു ഞാൻ പറയുന്നില്ല. നമുക്ക് നമ്മുടെ സംസ്കാരത്തിൽമാത്രമേ നിലനിൽപ്പുള്ളൂ . അതോ മലയാളത്തിനെ കാഴ്ചബംഗ്ലാവിന്റെ ചില്ലുകൂട്ടിലടക്കാൻ മലയാള കവിതയെ പ്രേമിക്കുന്ന നമ്മൾ അനുവദിക്കുമോ? അനുവദിക്കുമെങ്കിൽ അതൊരു മാതൃഹത്യയാണെന്നുള്ള സത്യം നമ്മൾ വിസ്മരിക്കരുത് .
വള്ളത്തോൾ പാടിയത് നമ്മളിന്നും ഓർക്കാൻ വിനീതമായ ഒരപേക്ഷ
 
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻഭാഷതാൻ
 

പ്രത്യാശ

കണ്ടു ഞാനുലകത്തിന്‍ കളികളെല്ലാം
കണ്ണുനീര്‍ മാത്രമിന്നെനിക്കുബാക്കി
ഉരുകുമുള്ളിന്റെയിരുണ്ടകാട്ടില്‍
ഇനിയെന്നുദിയ്ക്കുമൊരു കൊച്ചുസൂര്യന്‍ ?
-----------------സുരേന്ദ്രൻ-----------------

സ്മരണ


നിന്നെ പിരിഞ്ഞിട്ടു കാലമേറെ-
യായല്ലൊയിന്നെന്റെ കേരളമേ

ഇന്നുമെൻ കൊച്ചു ഹൃദ്മന്ദിരത്തിൽ
എന്നിഷ്ടദേവിയായ് നീയിരിപ്പൂൂ

നിത്യവും നിന്റെയാ പാദയുഗ്മേ
വീഴുന്നെൻ കണ്ണുനീർ പൂക്കളായി

നിന്മടിത്തട്ടിലിന്നൊന്നുറങ്ങാ-
നെന്മനക്കാമ്പിലിന്നെത്ര മോഹം

ഹരിതമാം നിൻ ദിവ്യകാന്തിയിൽ ഞാൻ
പുളകമണിഞ്ഞൊന്നു നീന്തിടട്ടെ

മലരണിക്കാടുകൾ കേരവൃന്ദം
കാലേ മുഴങ്ങുന്ന ശംഖനാദം

ചന്ദന സൗരഭം ഘണ്ടനാദം
എല്ലാമെനിക്കിന്നുസ്വപ്നമത്രെ

അന്തരംഗത്തിലെ മന്ദിരേ നീ-
യെൻ ദേവിയെന്നല്ലപ്രേയസിയും

സൗന്ദര്യധാമമേ സ്നേഹരൂപേ
വെല്ക നീ വെല്കനീ മാത്രുഭൂമേ
---------സുരേന്ദ്രൻ-----------

അമ്മേ, നിന്നോടല്ലാതാരോടു പറയാൻ


ജഗദ്ധാത്രി നീയോ?കരുണ തന്നിരിപ്പിടമോ?
നിർത്തു! ചിരിക്കാനറിയില്ലെനിക്കിന്നു
കരയുവാൻ കണ്ണുനീരില്ല ! കേൾക്കു നീ
പൊരിയുന്ന വെയിലിലെന്നെ പട്ടിണിക്കിട്ടു
തത്വശാസ്ത്രം വിളമ്പിയതോ  കരുണ ?
വരണ്ടു കീറുന്ന ഗളത്തിലേയ്കിറ്റു
വെള്ളമേകാൻ മടിച്ചതോ കരുണ?
കണ്ണീരു വറ്റിയ കണ്‍കളിൽ നി-
ന്നിരവിൽ നിദ്ര തട്ടിപ്പറിച്ചതോ കരുണ?
പിറന്നുവീണ നാൾ മുതൽ മുടങ്ങാതെ
പീഡനത്തിന്നിരയാക്കിയതോ കരുണ?
സ്നേഹമാണു നിൻ  മുഖമുദ്രയെ-
ന്നോതിയതെല്ലാം വെറും ജൽപ്പനങ്ങളോ?
നിൻ  കരുണയ്ക്കായിരന്നുൾക്കാമ്പുരുകി
നിൻ  പാദങ്ങളിൽ പൂക്കളയാർചിച്ച
ചോര കലർന്നയെൻ കണ്ണുനീർത്തുള്ളികൾ
കണ്ടു നീ ചിരിച്ചതോ നിൻ കരുണ?
ചിരിച്ചു കളിക്കേണ്ട ശൈശവത്തിലെന്നെ-
ക്കണ്ണുനീർക്കയത്തിൽ മുക്കിയതോ നിൻ കരുണ?
ശക്തിയെടുത്തെന്നെയന്ധകാരത്തിലേ-
യ്കേറിഞ്ഞു വേദനപ്പിച്ചതോ നിൻ  കരുണ?
എല്ലാം തന്നിട്ടതെല്ലാം നിഷ്ഠുരം നീ തന്നെ
തിരിച്ചെടുത്തതോ കരുണ?
രക്ഷിക്കേണ്ടവർ താഡിചു താഡിച്ചീ
ജന്മം വിഫലമാക്കിയതോ നിന്റെ കരുണ?
എവിടെ നിൻ കരുണ, നിന്റെ നീതി?
സ്നേഹമോ മിഥ്യ  വെറും മരീചികയോ?
മായയോ, സ്വപ്നമോ അതോ നിൻ ക്രൂരമാം ലീലയോ?
 കണ്ണീരു വറ്റിയ കണ്‍കളും നീറുന്ന ഹൃദയങ്ങളും
കണ്ടു മനമുരുകാത്ത നീയോ കരുണാമയി?
മനസ്സിലാകില്ല മനുജർക്കു നിൻ നീതിയെന്നല്ലി-
ല്ലെനിയ്ക്കില്ല  പരാതിനിന്നോടതൊട്ടുമേ!
എങ്കിലും പരാതിയുണ്ടെനിക്ക് നീയെ-
ന്നമ്മയല്ലേ, നിന്നോടല്ലാതെയിന്നമ്മേ
ഞാനാരോടു  പറയുവാൻ, പറക നീ
----------------സുരേന്ദ്രൻ----------------------

അന്നു നി നടന്നകന്നുപോയീ
മണ്ണില്‍ പതിഞ്ഞ നിന്‍ കാല്പാടുകള്‍
നോക്കി ഞാനങ്ങിരുന്നുപോയീ
വരുമിനിയൊരു വസന്തമെന്നാശി-
ച്ചെത്രയോ ശിശിരങ്ങള്‍ കഴിച്ചുകൂട്ടി
എരിയുമുള്ളിന്‍ വിലാപം മുഴങ്ങു-
മുരുകുന്ന രാവിന്റെ മൂകയാമങ്ങളില്‍
നീ വരും നീ വരുമെന്നാശിച്ചുഞാന്‍
കണ്ണുനീരില്ലാതെ കാത്തിരുന്നീടവേ
മെല്ലെവന്നെന്നെപ്പുണര്‍ന്നു നീയോമനേ
ലോലമാം നിദ്രയായ് സ്നേഹപൂര്‍വം
-------സുരേന്ദ്രൻ-------------------------