ഞായറാഴ്‌ച, ഏപ്രിൽ 12, 2015

മാധവം Madhavam

അതികഠിനമായ ശൈത്യം. ഭൂമിയെ തണുപ്പിലേയ്ക്കാഴ്ത്തിക്കൊണ്ട് നോക്കെത്താദൂരം വരെ കിടക്കുന്ന മഞ്ഞ്. തണുപ്പിനെ പേടിച്ചുകൊണ്ടെന്നപോലെ ആകാശത്തുനിന്നും സൂര്യൻ മറഞ്ഞുപോയിരിയ്ക്കുന്നു. സൂര്യന്നുപകരം ആകാശത്തിൽ ഒരു കറുത്ത പട്ടു വിരിച്ചിരിയ്ക്കുന്നു.

ശാസ്ത്രഗവേഷണസർവ്വകലാശാലയുടെ വകയായതും പൊതുജങ്ങൾക്കു തുറന്നിട്ടിരിയ്ക്കുന്നതുമായ അതിവിശാലമായ തോട്ടത്തിൽ ഗഗനചുംബികളായ വന്മരങ്ങൾ ഇലകളില്ലാതെ, ജീവനറ്റ രാക്ഷസന്മാരെപ്പോലെ നിശ്ശബ്ദമായി നിൽക്കുന്നു.

പ്രകൃതി മരണത്തിന്റെ മൂകമായ കരങ്ങളിലമർന്ന പോലെ നിശ്ശബ്ദം. പക്ഷികളുടെ പാട്ടുകൾ നിലച്ചിരിയ്ക്കുന്നു. കാറ്റിന്റെ ചലനവും ഇല്ല. എല്ലാം നിശ്ശബ്ദം. സന്ധ്യ അടുക്കുന്തോറും അകാശത്തിന്റെ  ഭീമാകാരമായ ശോകഭാവം ഭയാനകമായിക്കൊണ്ടിരുന്നു.

ജീവരാശി ഉപേക്ഷിച്ച ഒരു വലിയ ശ്മശാനമെന്നപോലെ ഏകാന്തവും മൂകവുമായ ആ വലിയ തോട്ടത്തിലെ ഒഉർ ബെഞ്ചിൽ മൗനത്തിൽ മുങ്ങി മാധവൻ ഇരുന്നു. താഴെ നിരന്നുകിടക്കുന്ന ശുഭ്രമായ മഞ്ഞിൽപ്പരപ്പിൽ, നിറം മങ്ങിയ കണ്ണടയ്ക്കു പിറകിലെ ശോകസാന്ദ്രമായ കണ്ണുകളും നട്ടു ഏകാന്തതയിൽ മുങ്ങി ഇരിയ്ക്കുന്ന മാധവൻ.
കീറിപ്പറിഞ്ഞ കുപ്പായം, കീറിപ്പറിഞ്ഞ ട്രൗസർ, വലിയ ഓട്ടകൾ തുറിച്ചുനോക്കുന്ന പാദരക്ഷകൾ. ധനം തുളുമ്പുന്ന പാശ്ചാത്ത്യത്തിൽ ദാരിദ്ര്യത്തിന്റെ ഉപ്പുരസത്തിൽ നീന്തുന്ന മാധവൻ.

തണുപ്പിൽ വിറയ്ക്കുന്ന കൈകൊണ്ട് മുഷിഞ്ഞ കീശയിൽ നിന്നും മാധവൻ ഒരു പഴയ ഛായചിത്രമെടുത്തു. ചിരിയ്ക്കുന്ന നാലു ചെറിയ കണ്ണുകൾ മാധവനെ തിരിച്ചു നോക്കി. എഹത്രയോ കാലം കടന്നുപോയിരിയ്ക്കുന്നു. തന്റെ പിഞ്ചോമനകൾ വളർന്നു വലുതായിക്കാണും.രണ്ടു കണ്ണുനീർമുത്തുകൾ പ്രകാശം മങ്ങിയ ആ കണ്ണുകളിൽനിന്നും വീണു.

പഴയ ഓർമ്മകൾ മനസ്സിലേയ്ക്ക് തള്ളിക്കയറി. വർഷങ്ങൾ ഏറെ കടന്നിരിയ്ക്കുന്നു. തന്റെ ജന്മനാടായ കേരളത്തിന്റെ ചിത്രങ്ങൾ മനസ്സിൽ നിറഞ്ഞു. നെൽവയലുകൾ, തെങ്ങിൽതോപ്പുകൾ. മാമ്പഴക്കാലം, തെയ്യവും, തിറയും, ഉത്സവങ്ങളും, പൂരത്തിന്റെ ചൂടേറിയ താളമേളങ്ങൾ. മനസ്സിൽ എവിടെയോ കഥകളിയുടെ കേളികൊട്ട്, ക്ഷേത്രത്തിലെ മണികൾ, ശ്ംഖനാദം, വെളിച്ചപ്പാടിന്റെ ചിലമ്പൊലി.
കൂട്ടത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത തന്റെ പിഞ്ചോമനകളുടെ ചിരിയുടെ വളകിലുക്കം. പതിന്നാലു മാസം മാത്രം ഭൗതികജീവിതം കണ്ട്, വേദനനിറഞ്ഞ ജീവിതത്തോടെ വിടപറഞ്ഞ ലളിതമോൾ.

മനസ്സ് പിറകോട്ടു പാഞ്ഞുകൊണ്ടിരുന്നു. നാലര വയസ്സിൽ വീടും കുടുംബവും വിട്ട്  അഞ്ജാതമായ ഒരു സ്ഥലത്തേയ്ക്ക് ബലമായി മാറേണ്ടിവന്ന സമയം. വിദ്യാഭ്യാസമത്രെ. ഹൃദയത്തെ മുറിയ്ക്കുന്ന വേദനയും തിന്ന് കഴിച്ചു കൂട്ടിയ രാത്രികൾ. ഏകാന്തതയുടെ മാറാത്ത അന്ധകാരം. എണ്ണമറ്റ രാത്രികൾ. അവധികാലത്ത് വീട്ടിലേയ്ക്ക് . പിന്നെ ഭയാനകമായ രാത്രികൾ. മദ്യത്തിന്റെ ദുർഗ്ഗന്ധം നിറഞ്ഞ രാത്രികൾ. അഛന്റെയും അമ്മയുടെയും ഭയപ്പെടുത്തുന്ന കലഹം, മർദ്ദനങ്ങൾ, പിന്നെ എല്ലാം ശാന്തം. അങ്ങനെ ദുസ്സ്വപ്നങ്ങൾ നിറഞ്ഞ അവധികാലം കഴിഞ്ഞ് തിരിച്ച്  വിദൂരതയിലുള്ള പാഠശാലയുടെ വസതീഗൃഹത്തിലേയ്ക്ക്. വീണ്ടും ഏകാന്തത.

ഇനി എന്താണ് നഷ്ടപ്പെടാനുള്ളത്? ബാല്യവും, യൗവ്വനവും, വീടും, കുടുംബവും, ജ്ന്മനാടും, ജീവിതപങ്കാളിയും, പിഞ്ചോമനകളും.. എല്ലാം ഓർമ്മകൾ മാത്രം.

ഉദിയ്ക്കാത്ത സൂര്യൻ വിദൂരതയിലസ്തമിച്ചു. ഭൂമിയുടെ മാറിടം മറയ്ക്കുന്ന മഞ്ഞിന്റെ മുകളിൽ രാത്രി തന്റെ കറുത്ത പട്ടു വിരിച്ച്. ആകാശത്തുനിന്നും താരകസഹസ്രങ്ങൾ എവിടേയ്ക്കോ ഓടിപ്പോയപ്പോലെ, അനാഥമായ ആകാശം. ഇലകളില്ലാത്ത മരങ്ങൾ, അതിശൈത്യത്തിന്റെ പിടിമുറുക്കത്തിൽ സംസാരശേഷി നഷ്ടപ്പെട്ടുപോയ തണുത്തു വിറങ്ങലിച്ച പ്രകൃതി.

തണുത്ത അന്തരീക്ഷത്തിൽ തങ്ങിനിന്ന കടുത്ത മഞ്ഞിൽകൂടെ ഭൂമിയെ ചുംബിയ്ക്കാൻ വെമ്പുന്ന, ശോഷിച്ച സൂര്യകിരണങ്ങൾ എത്തിയപ്പോഴേയ്ക്കും മൗനിയായ മാധവൻ വിദ്ദുരതയുള്ള കൈരളിയെത്തേടി തന്റെ അദൃശ്യമായ മാറിൽ തന്റെ പിഞ്ചോമനകളുടെ പുഞ്ചിരിയും  ചേർത്ത് യാത്രയായിരുന്നു. ജീവന്റെ ഊഷ്മാവറ്റ, കരുവാളിച്ച ആ കൈകളിനിന്നും, പുഞ്ചിരിയ്ക്കുന്ന നാലു പിഞ്ചുകണ്ണുകൾ മാധവനെത്തേടി ആകാശത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. 

ഞായറാഴ്‌ച, ഏപ്രിൽ 14, 2013

സ്വപ്നസഞ്ചാരി


 
നിൻ നിറഞ്ഞമാറിൽ ഞാനെന്റെ തല ചായ്ചു വച്ചു
നിന്റെ തരളഹൃദയത്തിൻ താളം ശ്രവിച്ചു ഞാൻ

വാനിലർക്കൻ വെള്ളിവെയിൽ പരത്തീടവേ നിൻ
ഹൃദയത്തിൽ നിന്നുമൊഴുകിയിരുട്ടിൻ തിരമാലകൾ

തുളുമ്പി നിൻ ചുണ്ടുകൾ കാമരസ മേറെയെന്നാകിലും
രതിവികാരങ്ങളുണർന്നില്ലെൻ മനക്കാമ്പിലൊട്ടുപോലും
പിച്ചകത്തിൻ പരിമളമാർന്ന നിൻ മൃദുല പൂമേനി തന്നി- 
ളഞ്ചൂടിലലിഞ്ഞു നിദ്രയാം സമാധി തന്നാഴങ്ങൾ തേടി ഞാൻ

മദ്ധ്യാഹ്നസൂര്യന്റെ ചൂടിലവനിയിണ്ടലാർന്നു ക്ഷീണിക്കവെ
തപ്തമാം നിൻ സ്തനകലശങ്ങളെന്നെ നിദ്രയിൽ നിന്നുണർത്തി
മേഘപടലങ്ങളും സ്വപ്നലോകങ്ങളും രജത താരാപഥങ്ങളും
താണ്ടി ദേവലോകങ്ങളും പലതും കടന്നു നാം പറന്നകന്നു

ഇടി വെട്ടി മിന്നൽപ്പിണരൊന്നുകുതിച്ചു ഭൂമിയെ വിറപ്പി-
ച്ചിരുണ്ട ഭീമാകാരമാം മേഘങ്ങളാകാശമാകെയൊളിപ്പിച്ചു
ദിച്ചതിൻ മദ്ധ്യത്തിലൊരു വലിയ സുവർണ്ണ പ്രകാശമണ്ഡലം
പെയ്തു പേമാരി, പ്രളയമായി, മരിച്ചു സമയം, നാമലിഞ്ഞു നിദ്രയിൽ

വിശക്കുന്നെനിയ്ക്കു!


വിശക്കുന്നെനിയ്ക്കു! പറയാനഭിമാനമനുവദിച്ചില്ല
കരിയുന്ന വയറുമെന്നല്ല വരളുന്ന ചുണ്ടുകളെരിയുന്ന
മാനസം, കരയാൻ കൊതിയ്ക്കുന്ന നീരറ്റ കണ്ണുകൾ
ഉള്ളിൽ തിളയ്ക്കുന്ന ഗദ്ഗദം, രോഷവും ദാഹവും
മുന്നിൽ മുരടിച്ച സ്വപ്നങ്ങൾ മൂകമായ് തേങ്ങിടും
വർജ്ജിത മനുഷ്യർതൻ ചെറ്റക്കുടിലുകൾ
ആത്മാവുപോലുമെരിഞ്ഞടങ്ങി സ്വന്തമാം
വിഴുപ്പിൽ വീണു നിത്യദാരിദ്ര്യത്തിലുഴലുന്ന
മനുഷ്യരൂപങ്ങൾ, വിശപ്പടക്കാൻ കഴിയാതെ
മദ്യാഗ്നികൊണ്ടുദരം കരിയ്ക്കുന്നവർ, രോഗികൾ
ശുഷ്കശീർണ്ണമാം ദുഗ്ധരഹിതമാം മുലകളിൽ
ഒരു തുള്ളി പാലിരക്കുന്ന പിഞ്ചുപൈതങ്ങളും
പ്രസവിച്ചുവെന്ന തെറ്റിന്നു ജീവിതകാലം മുഴുവനും
പ്രാണവേദനയുമായ് തെണ്ടുമമ്മമാരും, രാത്രിയിൽ
രതിമൂർഛതൻ സുഖം തേടി അഛനായ്ത്തീർന്നു തൻ
കടമകൾ കുപ്പയിലേയ്ക്കു വലിച്ചെറിഞ്ഞ പിശാചുക്കളും
ഒരു റൊട്ടിക്കുവേണ്ടിയെന്മുന്നിൽ കരഞ്ഞിടുന്ന
വിശന്നുവരണ്ടുണങ്ങിയ പിഞ്ചുപൈതലിൻ കണ്ണുകളും
വിശക്കുന്നെനിയ്ക്കു! പറയുവാനവില്ലെനിയ്ക്കൊരിയ്ക്കലും
പറയില്ല ഞാൻ! ഹന്ത ദൈവമേ എവിടെ നിൻ കരുണ
--------------------സുരേന്ദ്രൻ--------------------
http://surenpillai.wordpress.com/

ശനിയാഴ്‌ച, ഏപ്രിൽ 13, 2013

ഉദയം


പകൽ വിരിഞ്ഞ പിച്ചകപൂക്കളിൻ മധുരമാം
പരിമളലഹരിയിലുന്മത്തയായ ലോലലാവണ്യമേ
ഉഴലുമവനിതൻ മാറത്തു വീണുരുകിയൊഴുകി
പടരുന്ന രതിരസതരളശ്യാമവർണ സൗന്ദര്യമേ
ഏകാന്തമാം നിൻ മൂകയാമങ്ങളിൽ നിന്മടിയിൽ
തലചായ്ചു കനിയാത്ത നിദ്രയെ കാത്തിരുന്നീടവേ
ഹൃദയത്തിൽ നിശ്ശബ്ദമായ് തുറന്നുപോകുന്നു
ഇരുട്ടിലാണ്ടുപോയ രഹസ്യമാം നിലവറകൾ
നീരറ്റ കണ്ണുകൾ കരയാൻ വെമ്പിടുമ്പോഴും
വിറയാർന്ന ചുണ്ടുകളിൽ വിരിയുന്നൊരു പുഞ്ചിരി
രജനിയെ പ്രേമിച്ച ശശാങ്ക നിൻ പ്രേമം നിരർഥം
ക്ഷണിതമീ രജനി, ഹന്ത ക്ഷണിതമീ പ്രേമവും
ക്ഷണിതമീ പ്രപഞ്ചം, ക്ഷണിതമീ മർത്യജന്മം

വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2013

മഹാമനസ്ക നീ, രജനീ

നീയൊരു മഹാമനസ്ക, രജനീ
പകലിന്നന്ധകാരത്തി-
ലുഴലുന്നവർക്കു നീ യിരുട്ടിൻ
മൃദുലമാം പ്രകാശമീകിടുന്നു
നിലയ്ക്കാത്ത കണ്ണുനീർധാരയെ നീ
നിൻ മാറിലൊളിപ്പിയ്ക്കുന്നു സ്നേഹപൂർവം
സന്തോഷമാം പ്രകാശമില്ലാത്തവർക്കു നീ
യീകിടുന്നു ശരണം, നിസ്വാർഥ നീ, രജനീ
നിന്നന്ധകാരത്തിലാണെന്റെ
മനോഹര മധുര സൂര്യോദയം

ബുധനാഴ്‌ച, ഏപ്രിൽ 10, 2013

അപരാധം

ചുംബിച്ചതൊരു മഹാപരാധമത്രെ
പങ്കിലമായത്രെ പരിശുദ്ധമാം
സമൂഹത്തിൻ പാവനമാം മുഖം
സത്യത്തെയിരുട്ടിലടച്ചു മുഖം മൂടി
സത്യവാനായ് നടക്കുന്നത്രെയുത്തമം
പകൽ വെളിച്ചത്തു ബ്രഹ്മചാരിയായ് നടന്നു
രാത്രിതന്നിരുട്ടിന്റെ മറവിൽ മനഃസാക്ഷിയ്ക്കു
നിരക്കാത്ത മദനകേളികളാടുന്നവൻ ദിവ്യൻ
ഒരുപിടിയരിയ്ക്കു പണമില്ലാത്തവന്റെ കഴുത്തു
ഞെരിച്ചു ജീവൻ പിടുങ്ങുന്നവൻ മഹാൻ
ധനബലമുള്ളവനെന്തും ചെയ്യാനവകാശം നൽകി
ഓഛാനിച്ചു നിൽക്കുന്ന സമാജവും ദിവ്യമത്രേ
പാവം പ്രണയം പാപമത്രെ, കുടിലമനസ്സിൻ
നീചനികൃഷ്ടമാം ബലഹീനതയത്രെ - എങ്കിലും
പേടിയില്ലെനിയ്ക്കു കോപിയ്ക്കവേണ്ട നീ കോപിച്ചുവെങ്കിലും
നിന്നെയെനിക്കു ഭയമില്ലൊട്ടുപോലും. തീപാറും നിൻ
വട്ടക്കണ്ണുകൾ കണ്ടൂ ഞാൻട്ടഹസിക്കുന്നതും നീ കണ്ടു
നിൻ കോപാഗ്നിയിൽ നീ തന്നെ നിന്നന്ത്യം കണ്ടിടും
--സുരേന്ദ്രൻ--

http://surenpillai.wordpress.com/

ഞായറാഴ്‌ച, ഏപ്രിൽ 07, 2013

പറയാതെപോയ പ്രണയവാക്കുകൾ

പറയാതെപോയ പ്രണയവാക്കുകൾ മനതാരിൽനിന്നുമൊരു
പനിമതിയായ്യുദിച്ചുയർന്നു കവിതൻഭാവനാമുകുരത്തി-
ലേയ്ക്കൊളിവീശി കാവ്യതടിനിയായൊഴുകിടുന്നു
മൗനം ഭജിച്ച മധുരാധരങ്ങളൊരു മധുര
മന്ദസ്മിതം തൂകി കവിയ്ക്കധരാമൃതമേകിടുന്നൂ