പ്രയാണം
നിന്നെ ഞാന്‍ മാറോടണച്ചു
നിന്‍ ചുണ്ടിലുറങ്ങുന്ന
സോമരസത്തിന്റെ-
യാത്മാന്തരത്തിൽ-
അഗ്നി ചയനം ചെയത-
തിന്‍ ചൂടില്‍ ഞാനുരുകി-
യൊലിച്ചുറഞ്ഞൊരഗ്നിയായ്
മാറി നിന്‍ വികാരമണ്ഡല-
ത്തിലേക്കു പടര്‍ന്നൊരു
മൃദുലലതയായിമാറി മൊട്ടി-
ട്ടൊരായിരം പൂക്കളായ് വിരിഞ്ഞു
നിന്നെ വാരിപ്പുണര്‍ന്നിട്ടെന്‍
പരിമളധാരയാലഭിഷേകം ചെയ്തു
പൌര്‍ണമിച്ചന്ദ്രനായുദിച്ച-
തിലോലമാം ശുഭ്രകൌശേയമായ് മാറി
നിന്നെ ഞാനെന്നിലേയ്ക്കലിയിച്ചുചേര്‍ ക്കവേ
നീ ചന്ദനസൌരഭ്യമേന്തിയ
മേഘമായെന്റെ വികാരസൌധത്തിന്റെ
മണിയറയില്‍ പടര്‍ന്നു പന്തലിച്ചൊരു
തുലാവര്‍ഷമായ് പെയ്ത് എന്റെകവിതയായ്
യെന്‍ തൂലികത്തുമ്പിലൂടെ നീ ജനിച്ചു.
അന്നു നിന്‍ പൂമേനിയിലലിഞ്ഞു ചേര്‍ന്ന
ഞാന്‍ നിന്‍ തൂലികത്തുമ്പില്‍ നിന്നുമൊരു
കവിതയായ് ജനിച്ചുവോ?ഇല്ലെങ്കില്‍ നി-
ന്നോര്‍ മ്മകള്‍ തന്‍ ഘോരവനത്തിലുറവ
വറ്റി വരണ്ടുണങ്ങിയ ജലാശയമായ് മാറിയോ?
രജനിതന്‍ വര്‍ണ്ണത്തെ ലജ്ജയിലാഴ്ത്തുന്ന
താരകക്കന്ന്യമാര്‍ ലാസ്യങ്ങളാടിയ നിന്‍
സുന്ദര ശ്യാമസമുദ്രങ്ങളാം നേത്രങ്ങ-
ളിന്നു മരണം വിഴുങ്ങിയ മരുഭൂപ്രദേശമോ?
വരിക നീയോമലെയെന്‍ തുടിയ്ക്കും സിരകളി-
ലാളിയെരിയുമൊരുഗ്ര പ്രഭഞ്ജനാഗ്നിയാ-
യുരുകിത്തിളയ്ക്കുന്ന മദാന്ധതിരമാലയായ്-
ഒന്നു പുളകമണിയട്ടെ ഞാനീയേകാന്തരാത്രിയില്‍ .
--സുരേന്ദ്രൻ --
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ