ഞായറാഴ്‌ച, ഏപ്രിൽ 14, 2013

സ്വപ്നസഞ്ചാരി


 
നിൻ നിറഞ്ഞമാറിൽ ഞാനെന്റെ തല ചായ്ചു വച്ചു
നിന്റെ തരളഹൃദയത്തിൻ താളം ശ്രവിച്ചു ഞാൻ

വാനിലർക്കൻ വെള്ളിവെയിൽ പരത്തീടവേ നിൻ
ഹൃദയത്തിൽ നിന്നുമൊഴുകിയിരുട്ടിൻ തിരമാലകൾ

തുളുമ്പി നിൻ ചുണ്ടുകൾ കാമരസ മേറെയെന്നാകിലും
രതിവികാരങ്ങളുണർന്നില്ലെൻ മനക്കാമ്പിലൊട്ടുപോലും
പിച്ചകത്തിൻ പരിമളമാർന്ന നിൻ മൃദുല പൂമേനി തന്നി- 
ളഞ്ചൂടിലലിഞ്ഞു നിദ്രയാം സമാധി തന്നാഴങ്ങൾ തേടി ഞാൻ

മദ്ധ്യാഹ്നസൂര്യന്റെ ചൂടിലവനിയിണ്ടലാർന്നു ക്ഷീണിക്കവെ
തപ്തമാം നിൻ സ്തനകലശങ്ങളെന്നെ നിദ്രയിൽ നിന്നുണർത്തി
മേഘപടലങ്ങളും സ്വപ്നലോകങ്ങളും രജത താരാപഥങ്ങളും
താണ്ടി ദേവലോകങ്ങളും പലതും കടന്നു നാം പറന്നകന്നു

ഇടി വെട്ടി മിന്നൽപ്പിണരൊന്നുകുതിച്ചു ഭൂമിയെ വിറപ്പി-
ച്ചിരുണ്ട ഭീമാകാരമാം മേഘങ്ങളാകാശമാകെയൊളിപ്പിച്ചു
ദിച്ചതിൻ മദ്ധ്യത്തിലൊരു വലിയ സുവർണ്ണ പ്രകാശമണ്ഡലം
പെയ്തു പേമാരി, പ്രളയമായി, മരിച്ചു സമയം, നാമലിഞ്ഞു നിദ്രയിൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ